കഴുത ചീട്ടുകളി: നിയമങ്ങൾ
കഴുത നമ്മൾ എല്ലാവരും കുട്ടിക്കാലത്ത് ആദ്യം പഠിക്കുന്ന ചീട്ടുകളിയാണ്. ഇതിൽ ആരും ജയിക്കുന്നില്ല, ഒരാൾ മാത്രം തോൽക്കും: അവസാനം കാർഡ് കയ്യിൽ ബാക്കിയാകുന്നയാൾ കഴുത.

🫏 ഇപ്പോൾ കഴുത കളിക്കാം: 4, 5 അല്ലെങ്കിൽ 6 പേർ, സൗജന്യമായി.
കളിക്കാരും കാർഡുകളും
- 3 മുതൽ 8 വരെ പേർക്ക് കളിക്കാം. ഓരോരുത്തരും തനിച്ചാണ് കളിക്കുന്നത്.
- 52 കാർഡിന്റെ ഒരു പാക്ക് മുഴുവൻ എല്ലാവർക്കും കൊടുക്കും. ഏസ് ആണ് ഏറ്റവും വലുത്, പിന്നെ K, Q, J, 10 … 2. തുറുപ്പ് ഇല്ല.
- കളി വലത്തോട്ട് (anticlockwise) പോകും.
ആദ്യത്തെ റൗണ്ട്
ഇസ്പേഡ് ഏസ് (A♠) കയ്യിലുള്ളയാൾ അത് ആദ്യം ഇറക്കും. ബാക്കിയുള്ളവർ ഇസ്പേഡ് ഉണ്ടെങ്കിൽ അത് ഇടണം.
ഒരേ സൂട്ട് ഇടൽ
- ഇറക്കിയ സൂട്ട് കയ്യിലുണ്ടെങ്കിൽ അതുതന്നെ ഇടണം.
- എല്ലാവരും അതേ സൂട്ട് ഇട്ടാൽ ആ റൗണ്ട് കളഞ്ഞു. ആ കാർഡുകൾ കളിയിൽനിന്ന് പുറത്ത്.
- ഏറ്റവും വലിയ കാർഡ് ഇട്ടയാൾ അടുത്ത റൗണ്ട് ഇറക്കും.
വെട്ട്
- ഇറക്കിയ സൂട്ട് കയ്യിലില്ലെങ്കിൽ വേറെ ഏത് കാർഡും ഇടാം. ഇതാണ് വെട്ട്.
- വെട്ട് വന്നാൽ ആ റൗണ്ട് അവിടെ നിൽക്കും. ബാക്കിയുള്ളവർ ഇടേണ്ട.
- ഇറക്കിയ സൂട്ടിലെ ഏറ്റവും വലിയ കാർഡ് ഇട്ടയാൾ ആ റൗണ്ടിലെ എല്ലാ കാർഡും എടുക്കണം. അയാൾ അടുത്തത് ഇറക്കും.
ഉദാഹരണം: ആഡിൻ (♥) ഇറക്കി. രാഹുൽ 9♥, പ്രിയ K♥ ഇട്ടു. അർജുന്റെ കയ്യിൽ ആഡിൻ ഇല്ല, അവൻ A♣ ഇട്ട് വെട്ടി. റൗണ്ട് നിന്നു. ഏറ്റവും വലിയ ആഡിൻ പ്രിയയുടേത്, അതുകൊണ്ട് നാല് കാർഡും പ്രിയ എടുക്കണം.
രക്ഷപ്പെടലും കഴുതയും
- കാർഡ് തീർന്നയാൾ രക്ഷപ്പെട്ടു.
- ഒരാളുടെ കയ്യിൽ മാത്രം കാർഡ് ബാക്കിയാകുന്നതുവരെ കളി തുടരും. അയാളാണ് കഴുത.
K-A-Z-H-U-T-H-A
ഓരോ തവണ കഴുതയാകുമ്പോഴും K-A-Z-H-U-T-H-A എന്ന വാക്കിലെ ഒരക്ഷരം കിട്ടും. എട്ട് അക്ഷരവും ആദ്യം തികയുന്നയാൾ മുഴുവൻ കഴുത!
ഓരോ വീട്ടിലും ചെറിയ വ്യത്യാസങ്ങളുണ്ടാകും. Cheettukali-യിൽ മുകളിൽ പറഞ്ഞ നിയമങ്ങളാണ്.
ചോദ്യങ്ങൾ
കഴുതയിൽ തുറുപ്പ് ഉണ്ടോ?
ഇല്ല. ഇറക്കിയ സൂട്ട് മാത്രമാണ് കണക്ക്. വേറെ സൂട്ട് ഇട്ടാൽ അത് വെട്ട് മാത്രം.
ആരാണ് ആദ്യം ഇറക്കുന്നത്?
ഇസ്പേഡ് ഏസ് (A♠) കയ്യിലുള്ളയാൾ.
വെട്ടിയാൽ ആരാണ് കാർഡ് എടുക്കേണ്ടത്?
ഇറക്കിയ സൂട്ടിലെ ഏറ്റവും വലിയ കാർഡ് ഇട്ടയാൾ.